ശ്രീനാഥ് ഭാസി ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു
ആലപ്പുഴയില്‍ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് അദ്ദേഹത്തെ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ എക്‌സൈസിനോട് രണ്ടു ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 22ന് ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ നടന്‍ ഹര്‍ജി പിന്‍വലിച്ചത്. മാസം ആദ്യവാരത്തില്‍ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുല്‍ത്താനയും കെ. ഫിറോസും നല്‍കിയ മൊഴിയില്‍ ശ്രീനാഥ് ഭാസിയുടെ പേരും സിനിമാ മേഖലയിലെ മറ്റു ചില പേരുകളും ഉയര്‍ന്നിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ലഭിച്ച വിവരങ്ങളിലാണ് പൊലീസിന്റെ അന്വേഷണത്തിന്‍റെ ദിശ മാറിയത്. അറസ്റ്റിലാകാനുള്ള ഭയത്തിലാണ് ശ്രീനാഥ് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടിയത്. ഹര്‍ജിയില്‍ താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തിലുള്ള സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നുമാണ് താരം വ്യക്തമാക്കിയിരുന്നത്. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിലെ ആവശ്യം.